Get Back Issues:
കോഴിഫാം നിര്‍മാണം: മഞ്ചേരിയില്‍ മുറിച്ച്‌ നീക്കിയത് അന്‍പതിനായിരത്തോളം മരങ്ങള്‍, അനധികൃത ഫാം!
Wednesday|13-Jun-2018

മലപ്പുറം: അരീക്കോട് മേഖലയില്‍ കോഴി ഫാം നിര്‍മാണത്തിനായി മുറിച്ച്‌ മാറ്റിയത് അന്‍പതിനായിരത്തോളം മരങ്ങള്‍. മലയോര മേഖലയില്‍ അനധികൃത കോഴി ഫാമുകളുടെ നിര്‍മാണങ്ങള്‍ വര്‍ധിക്കുകയാണ്. ശുചിത്വവും സൗകര്യവുമില്ലാത്ത മുന്നൂറോളം കോഴി ഫാമുകളാണ് അരീക്കോട് മേഖലയിലെ ഊര്‍ങ്ങാട്ടിരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ ചുണ്ടത്തുംപൊയില്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്. ഫാമുകള്‍ നിര്‍മിക്കുന്നതിനായി കോലാര്‍ക്കണ്ടി, ചുണ്ടത്തുപൊയില്‍, വെണ്ടക്കാംപൊയില്‍, കക്കാടംപൊയില്‍, ചീങ്കണ്ണിപ്പാലി എന്നിവിടങ്ങളിലായി അന്‍പതിനായിരത്തിലധികം മരങ്ങളാണ് മുറിച്ച്‌ മാറ്റിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ആരോഗ്യ വകുപ്പിന്റെയോ അനുവാദമില്ലാതെയാണ് ഇത്തരം ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഫാമുകള്‍ കൊതുക് ഉത്പാദന കേന്ദ്രങ്ങളാവുമ്ബോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

അശാസ്ത്രീയമായ രീതിയിലുള്ള ഇത്തരം ഫാമുകളുടെ പ്രവര്‍ത്തനം ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടരുന്നതിനും ഇത് കാരണമാകുന്നു. ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തില്‍ ചുരുക്കം ഫാമുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ഇതിന് പുറമെ ഊര്‍ങ്ങാട്ടിരിയിലെ വിവിധ ഭാഗങ്ങളില്‍ പന്നി ഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാലിന്യം ഇവിടെയുള്ള പന്നി ഫാമുകളില്‍ എത്തുന്നതായി ആക്ഷേപമുണ്ട്. ഇതില്‍ ആശുപത്രിമാലിന്യവും ഹോട്ടല്‍ മാലിന്യവുമുണ്ടെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇത് അന്തരീക്ഷ മലിനീകരണത്തിനും കുടിവെള്ളമലിനീകരണത്തിനും കാരണമാകുന്നു. മഴക്കാലമായാല്‍ ഇവിടെനിന്നുള്ള മാലിന്യം തൊട്ടടുത്തുള്ള കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുകുകയാണ്. ചില സ്ഥലങ്ങളില്‍ പുഴയിലേക്കും തോടുകളിലേക്കും മാലിന്യം ഒഴുക്കിവിടുന്നതായി പരാതിയുണ്ട്. മലയോരത്ത് കഴിഞ്ഞ മാസങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചതോടെ ആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും പേരിന് പരിശോധന നടത്തിയെങ്കിലും അനധികൃത ഫാമുകള്‍ക്ക് താഴിടാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്.