Get Back Issues:

Recent Issues :
ഹോം ക്വാറന്റീലായിരുന്ന കൊല്ലം സബ്കളക്ടര്‍ മുങ്ങി; കേസ്
By ABK Editor On Friday|27-Mar-2020
കൊല്ലം: വിദേശത്തു നിന്നും മടങ്ങിയെത്തി കോവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്കെതിരെ പൊലീസ് കേസെടുത്തു. സബ്കലക്ടറുടെ നിയമലംഘനം സംബന്ധിച്ച റിപ്പോർട്ടിനൊപ്പം വകുപ്പുതല നടപടിക്ക് കലക്ടര്‍ സർക്കാരിനോട് ശുപാർശ ചെയ്തു. 19 ാം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു സബ്കളക്ടര്‍. ഇന്ന് രാവിലെ ആരോഗ്യ നില പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല.

കൊല്ലം തേവള്ളിയിലെ സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ നിന്നാണ് സബ് കലക്ടർ കടന്നത്. എവിടെ പോയെന്നു സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനും അറിയില്ലായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ ലഭിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ചുകൊണ്ട് സബ്കളക്ടറുടെ മറുപടി ലഭിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കലക്ടർ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറിയിച്ചു. ക്വാറന്റീൻ ലംഘനം ഉൾപ്പെടെ നാലു വകുപ്പുകളാണ് സബ് കലക്ടർക്കെതിരെ ചുമത്തിയത്. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണിവ. ആരോഗ്യവകുപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്.