Get Back Issues:
വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയലക്ഷ്യ പരാതി: പണികൊടുത്തത് എച്ചിപ്പാറ ട്രൈബല്‍ സ്കൂള്‍!
Wednesday|13-Jun-2018

തൃശൂര്‍: എട്ടാംക്ലാസ് പഠനം മുടങ്ങിയ സാഹചര്യത്തില്‍ എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ കോടതിയലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്തു. വകുപ്പിന്റെ അംഗീകാരമില്ലാത്ത എട്ടാം ക്ലാസില്‍ പഠിച്ച കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്ന കോടതി നിര്‍ദേശം നടപ്പാക്കാത്തതാണ് കാരണം. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇവിടെ എട്ടില്‍ പഠിച്ച 15 കുട്ടികള്‍ ഒരു അധ്യയനവര്‍ഷം നഷ്ടമാകുമെന്ന ആശങ്കയിലാണ്.

ഇവര്‍ക്ക് സ്‌കൂളില്‍നിന്ന് ടി.സി. നല്‍കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍ ഏഴാംക്ലാസ് കഴിഞ്ഞ കുട്ടികളില്‍ പകുതിയിലേറെപേരും ഈ വര്‍ഷം ടി.സി. വാങ്ങി സ്‌കൂള്‍ മാറിയിരിക്കുകയാണ്. കോടതി നിര്‍ദേശംവഴി എട്ടാം ക്ലാസിനും അതുവഴി ഹൈസ്‌കൂളിനും അംഗീകാരം നേടിയെടുക്കാമെന്ന എച്ചിപ്പാറ സ്‌കൂളിന്റെ പ്രതീക്ഷകള്‍ മങ്ങിയ നിലയിലാണ്. ആറ് ആദിവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിനെ ട്രൈബല്‍ സ്‌കൂള്‍ നിലവാരത്തില്‍ പരിഗണിക്കാനാവില്ലെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. 51 ശതമാനം ആദിവാസി വിഭാഗം കുട്ടികളുണ്ടെങ്കില്‍ മാത്രമേ സ്‌കൂളിന് അത്തരത്തില്‍ അംഗീകാരം നല്‍കാനാകു.

ഇനി ട്രൈബല്‍ സ്‌കൂള്‍ എന്ന നിലയിലേക്കു മാറ്റിയാല്‍ മറ്റു വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നിയന്ത്രണമുണ്ടാകും. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിലവാരത്തില്‍ കെട്ടിടങ്ങളും ഹോസ്റ്റല്‍ സൗകര്യവുമെല്ലാം സാധ്യമാണെങ്കിലും 35 ആദിവാസി കുട്ടികളുള്ള ക്ലാസില്‍ അഞ്ച് പൊതുവിഭാഗം കുട്ടികള്‍ക്കേ പഠിക്കാനാവൂ. തോട്ടം തൊഴിലാളികളും കുടിയേറ്റ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ ഏറെയുള്ള ചിമ്മിനി, എച്ചിപ്പാറ പ്രദേശങ്ങളില്‍ ഇത് ജനങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

എച്ചിപ്പാറ സ്‌കൂളില്‍ എട്ടാംക്ലാസ് അംഗീകാരം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാന്‍ സാങ്കേതിക തടസങ്ങള്‍ നിരവധിയാണെന്നറിയുന്നു. എച്ചിപ്പാറ കൂടാതെ 103 സ്‌കൂളുകള്‍കൂടി ഇത്തരത്തില്‍ കോടതി ഉത്തരവ് സമ്ബാദിച്ചിട്ടുണ്ട്. ഇതില്‍ തൃശൂര്‍ ജില്ലയില്‍നിന്ന് വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ പുതുക്കാടു നിന്നുള്ള ഒരു അണ്‍എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെ അഞ്ച് സ്‌കൂളുകളുണ്ട്. പാലക്കാട് മുപ്പതും മലപ്പുറത്ത് 24 സ്‌കൂളുകളും ഇതില്‍പ്പെടും.

ഇതില്‍ പല സ്‌കൂളുകളും ഹൈസ്‌കൂളിലേക്ക് വന്‍തുക ഡൊണേഷന്‍ വാങ്ങി അധ്യാപക നിയമനംവരെ നടത്തിയിട്ടുണ്ട്. പരാതി നല്‍കിയ സ്‌കൂളുകളില്‍ സര്‍ക്കാരിന്റെ അധ്യാപക ബാങ്കില്‍ നിന്നേ നിയമനം നടത്താവൂ എന്ന കോടതി നിര്‍ദേശം നിലനില്‍ക്കുമ്ബോഴാണിത്. മന്ത്രിയുടെ മണ്ഡലത്തിലെ ട്രൈബല്‍ സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ അതുവഴി ബാക്കിയുള്ള സ്‌കൂളുകളും അംഗീകാരത്തിനുള്ള അവകാശവാദമുയര്‍ത്തുമെന്ന ആശങ്കയാണ് വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കുന്നത്.