Get Back Issues:
അയ്യപ്പ ഭക്തന് തന്നെ വീണ്ടും ചുമതല.... ( Wednesday|12-Dec-2018 )

അയ്യപ്പ ഭക്തന് തന്നെ വീണ്ടും ചുമതല....ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും പമ്ബയിലെയും സുരക്ഷാ ചുമതല വീണ്ടും ഐ.ജി. എസ്. ശ്രീജിത്തിന്

ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും പമ്ബയിലെയും സുരക്ഷാ ചുമതല വീണ്ടും ഐ.ജി. എസ്. ശ്രീജിത്തിന്. നേരത്തെ പമ്ബയുടെ മാത്രം ചുമതലയായിരുന്നു ഇദ്ദേഹത്തിന്.നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവടങ്ങളിലെ സുരക്ഷ ചുമതല ഇന്റലിജന്‍സ് ഡി.ഐ.ജി എസ്. സുരേന്ദ്രന് നല്‍കി.

കോഴിക്കോട് റൂറല്‍ ഡി.സി.പി ജി. ജയ്‌ദേവ് ഐ.പി.എസും ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവുമാണ് 
സന്നിധാനത്ത് പോലീസ് കണ്‍ട്രോളര്‍മാര്‍. പമ്ബയില്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ഐ.പി.എസും , ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗതനും . നിലയ്ക്കലിലും എരുമേലിയിലുമായി എറണാകുളം റൂറല്‍ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, ക്രൈംബ്രാഞ്ച് എസ്.പി ആര്‍ മഹേഷ്, റജി ജേക്കബ്, എസ്.പി ജയനാഥ്, എന്നിവര്‍ക്കാണ് ചുമതല.

മണ്ഡല -മകര വിളക്കിനായി സന്നിധാനത്ത് നട തുറന്നപ്പോള്‍ രണ്ട് ഐ.ജിമാരുടെ മേല്‍നോട്ടത്തിലായിരുന്നു സന്നിധാനത്തെയും പമ്ബയിലെയും സുരക്ഷാക്രമീകരണങ്ങള്‍ നിയന്ത്രിച്ചിരുന്നത് .ഐ.ജി വിജയ് സാക്കറെയ്ക്കും ഐ.ജി അശോക് യാദവിനുമായിരുന്നു സന്നിധാനത്തെയും പമ്ബയിലെയും ചുമതല നല്‍കിയിരുന്നത് .

മൊത്തം നാലു ഘട്ടങ്ങളിലായാണ് സുരക്ഷാ ചുമതല ഒരിക്കിയിരിക്കുന്നത് . നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 3,450 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ട്.

ഡിസംബര്‍ 14 മുതല്‍ 29 വരെയുള്ള മൂന്നാം ഘട്ടത്തില്‍ 4026 പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരിക്കും. ഇതില്‍ 230 പേര്‍ വനിതാ പോലീസുകാരാണ്. കൂടാതെ 400 എസ്‌ഐമാരും 95 സിഐമാരും, 29 ഡി.വൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും.ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 4500 ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും.ആവശ്യമെങ്കില്‍ മാത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമടക്കം എത്തുന്ന വനിതാ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കും.

തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷത്തിനുമായി ശബരിമലയില്‍ നട തുറന്നപ്പോള്‍ പൊലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആയിരുന്നില്ലെന്നും വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.ആര്‍.എസ്.എസുകാരെ നിയന്ത്രിക്കാനായി വത്സന്‍ തില്ലങ്കേരിയ്ക്ക് മെഗാഫോണ്‍ നല്‍കിയതുള്‍പ്പെടെയുള്ള പൊലീസ് നടപടികളും വിമര്‍ശിക്കപ്പെട്ടിരുന്നു. പൊലീസിന് സംസ്ഥാന ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടു പോലും തുടര്‍നടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും വന്‍ സുരക്ഷാ വീഴ്ച പൊലീസ് വരുത്തിയെന്ന് 
ഇന്റെലിജെന്‍സ് റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു .

നവംബര്‍ 18 ഞായറാഴ്ച രാത്രിയടക്കം നടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരില്‍ 15 പേര്‍ ചിത്തിര ആട്ട വിശേഷത്തിനും അതിനുമുമ്ബും പ്രശ്‌നമുണ്ടാക്കിയവരാണെന്നും ഇവരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടും സംഘം സന്നിധാനത്തെത്തിയത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിറ്റേ ദിവസം സന്നിധാനം വരെ വന്‍സുരക്ഷയില്‍ കൊണ്ടുപോയ 2 യുവതികളെ അതേ വേഗത്തില്‍ മലയിറക്കേണ്ടി വന്നത് ഏകോപനമില്ലായ്മക്കുള്ള ഉദാഹരണമായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു . പിന്നീടെത്തിയ യുവതിക്കു സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നു പറയേണ്ട ഗതികേടും പൊലീസിനുണ്ടായി.

മണ്ഡല-മകരവിളക്ക് കാലത്ത് ഉന്നത നേതാക്കള്‍ക്ക് പകരം പ്രാദേശിക നേതാക്കളുടെ മറവിലായിരിക്കും പ്രതിഷേധക്കാര്‍ സന്നിധാനത്ത് വീണ്ടും എത്താനുള്ള സാധ്യതയെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനു പുറമെ,സംഘടനയുടെ ലേബലില്ലാതെ ആളെ കൂട്ടി പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ പേരും വിവരങ്ങളും കൈമാറി. ചിലരുടെ ഫോണ്‍ സംഭാഷണവും വാട്സാപ് സന്ദേശങ്ങളും പൊലീസ് നിരീക്ഷിച്ചിരുന്നു. എന്നാല്‍ നിലയ്ക്കലും സന്നിധാനത്തും തുടക്കത്തില്‍ ആവശ്യത്തിനു പൊലീസിനെ വിന്യസിക്കുന്നതില്‍ ഉന്നതരുടെ കണക്കുകൂട്ടല്‍ പിഴച്ചിരുന്നു . അതേസമയം പൊലീസിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നും മുന്നറിയിപ്പിനെ വേണ്ടരീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനാണ് ഐ ജി ശ്രീജിത്തിന് തന്നെ സന്നിധാനത്തെ സുരക്ഷാ ചുമതല നലകിയത് എന്നാണ് സൂചന.