Get Back Issues:
THE LAST WAR അവസാനയുദ്ധം - മനുഷ്യനില്ലാത്ത പ്രകൃതി
By ABK Editor On Friday|27-Mar-2020
1935 ൽ ബ്രിട്ടീഷ് എഴുത്തുകാരനായ നീൽ ഗ്രാന്റ് എഴുതിയ " The Last War" എന്ന പേരിലുള്ള  ഒരു നാടകമുണ്ട്. ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ അവർ  പരസ്പരം ജൈവായുധങ്ങൾ പ്രയോഗിക്കുന്നു. അവയിൽ നിറച്ചു വച്ചിരുന്ന ബാക്ടീരിയകളും വൈറസുകളും പെട്ടന്ന് തന്നെ ശത്രു രാജ്യങ്ങളിൽ മാത്രമല്ല, ഭൂമി മുഴുവൻ വ്യാപിച്ച് മനുഷ്യകുലത്തെ സമ്പൂർണ്ണമായി ഇവിടെ നിന്ന് തുടച്ചു നീക്കുന്നു. മനുഷ്യർ ഇല്ലാതായ ഭൂമിയിൽ കുറെ  മൃഗങ്ങൾ ഒരിടത്ത് ഒരുമിച്ചു കൂടി സമ്മേളനം നടത്തുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.

"മനുഷ്യൻ ഇല്ലാതായത് നന്നായി" എന്ന അഭിപ്രായമാണ് നായ  ഒഴികെ ബാക്കി എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും  ഉള്ളത്. നായയ്ക്ക്  മാത്രമാണ് തന്റെ യജമാനനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നത്.  യുദ്ധക്കളങ്ങളിൽ മനുഷ്യന്റെ ഒപ്പം പോയപ്പോളൊക്കെ താൻ ഇത്തരം ഒരു സാഹചര്യം മുൻകൂട്ടി കണ്ടിരുന്നു എന്ന് കുതിര പറയുന്നുണ്ട്. തങ്ങളെ "പൂർവ്വികർ" എന്ന് വിളിച്ച് മനുഷ്യർ അപമാനിച്ചതിലാണ് കുരങ്ങന് അമർഷം. മനുഷ്യന്റെ പൂർവ്വികർ ആകാനും മാത്രം അത്ര "ചീപ്പ്" അല്ലത്രേ കുരങ്ങുകൾ. വിശക്കുമ്പോളല്ലാതെ താൻ ഒരു ജീവിയേയും കൊല്ലാറില്ലെന്നും എന്നാൽ, മനുഷ്യൻ അങ്ങനെയല്ലായിരുന്നെന്നും സിംഹം വിലയിരുത്തുന്നു. "മനുഷ്യന് ഒരു പറുദീസ കൊടുക്കുക അവൻ അത് വളരെ വേഗം മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കും, ഒരു മനസ്സ് കൊടുക്കുക അവൻ അത് അഹന്ത കൊണ്ട് നിറയ്ക്കും, സുന്ദരമായ കരങ്ങൾ നല്കിയാലോ അവൻ അതുകൊണ്ട് മറ്റുള്ളവരെ കൊല്ലാൻ ആയുധങ്ങൾ ഉണ്ടാക്കും, ഒരു പ്രവാചകനെ അയച്ചു കൊടുത്താലോ അവൻ അദ്ദേഹത്തെ ആട്ടിയോടിക്കും" എന്നൊക്കെയാണ് മനുഷ്യനെ ആദിമുതൽ നിരീക്ഷിച്ചു വരുന്ന സർപ്പത്തിന് പറയാനുള്ളത്. പ്രപഞ്ചത്തിലെ ഏറ്റവും "വിഡ്ഢി വർഗ്ഗം"  (Stupid Species) എന്നാണ് മനുഷ്യനെ കുറിച്ചുള്ള പൊതു  അഭിപ്രായം. ഒരു ശല്യം ഒഴിഞ്ഞു കിട്ടിയ സമാധാനം ആണ് എല്ലാവർക്കും.

മൃഗങ്ങൾ ഇത്തരത്തിൽ ചർച്ച തുടരുമ്പോഴാണ് മനുഷ്യകുലത്തെ തുടച്ചു നീക്കി ഷീണിതനായ  വൈറസ്   (Microbe) രംഗപ്രവേശം ചെയ്യുന്നത്.  മനുഷ്യർ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനായി തന്നെ ലബോറട്ടറിയിൽ വളർത്തിയെടുത്തതാണെന്നും  കർമ്മഫലമാണ് മനുഷ്യന് സംഭവിച്ചതെന്നും വൈറസ്  അഭിപ്രായപ്പെടുന്നു. താൻ എത്രമാത്രം അപകടകാരിയാണെന്ന് മനസ്സിലാക്കിയിട്ടും ലബോറട്ടറികളിൽ തന്നെ തീറ്റിപ്പോറ്റി ശാസ്ത്രജ്ഞമാർ സർവ്വനാശത്തിനു വഴിവച്ചുവെന്നാണ് വൈറസിന് പറയാനുള്ളത്.

ഇത്തരത്തിൽ നാടകം പുരോഗമിക്കുമ്പോൾ രംഗത്തേക്ക് ഒരു മാലാഖ കടന്നു വരുന്നു. മനുഷ്യർ അവശേഷിക്കാത്ത ഭൂമി മുഴുവൻ ചുറ്റിക്കറങ്ങി നിരീക്ഷണം നടത്തിയിട്ടു വരികയാണ് മാലാഖ. മനുഷ്യൻ കെട്ടിപ്പൊക്കിയ  അംബര ചുംബികളായ കെട്ടിടങ്ങളും മഹാസൗധങ്ങളും വിജനമായിരിക്കയാണ്. ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ എത്തിയെന്ന് ഊറ്റം കൊണ്ട് "ശാസ്ത്രമാണ് എല്ലാം" എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന്റെ സകല അഹന്തകളും അവസാനിച്ചിരിക്കുന്നു. തന്നെ നേർവഴിക്കു നടത്താനും ദൈവഹിതം അറിയിക്കാനും പ്രപഞ്ച സൃഷ്ടാവ് നിയോഗിച്ചയച്ച എല്ലാ ഗുരുക്കന്മാരെയും അവൻ നിന്ദിക്കുകയും വധിക്കുകയും ചെയ്തു. അവന്റെ  ബുദ്ധിശക്തിക്കു നിദാനമായ തലച്ചോറിലെ കോടിക്കണക്കിനു ന്യൂറോൺ വലകൾ ആരുടെ അതി സൂക്ഷ്മബുദ്ധിയാലാണ് കോർത്തിണക്കപ്പെട്ടത് എന്ന് അവൻ പരിഗണിച്ചില്ല. എല്ലാം തന്റെ ബുദ്ധിവൈഭവം കൊണ്ട് മാത്രമാണ് സാധിക്കുന്നത് എന്ന് അഹങ്കരിച്ചതാണ് മനുഷ്യന്റെ ഏറ്റവും വലിയ വിഡ്ഢിത്തം എന്നൊക്കെയാണ്  മാലാഖയുടെ നിരീക്ഷണങ്ങൾ.

അവസാന രംഗമെത്തുമ്പോൾ എങ്ങനെയോ വൈറസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഭൂമിയിൽ അവശേഷിക്കുന്ന ഏക മനുഷ്യൻ കടന്നു വരുന്നു. അയാളെ വകവരുത്താനായി  മൃഗങ്ങളെല്ലാം ക്രോധത്തോടെ ചീറിയടുക്കുമ്പോൾ മാലാഖ അവയെ തടയുന്നു. എന്നാൽ, മനുഷ്യ വംശത്തിൽ ഏകനായി താൻ മാത്രം ഇനി ജീവിച്ചിരിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്നും തന്നെ കൊല്ലുകയാണ് ഭേദമെന്നും അയാൾ പരിതപിക്കുന്നു. മനുഷ്യൻ പ്രപഞ്ചത്തോട് ചെയ്ത എല്ലാ അരുതായ്കകൾക്കും മറ്റു ജീവജാലങ്ങളോട് അയാൾ മാപ്പു ചോദിക്കുന്നു. മാലാഖ അയാളെ ആശ്വസിപ്പിച്ച് താങ്ങിയെടുത്ത് മൃഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുമ്പോൾ തിരശീല വീഴുന്നു.
മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ആർട്സ്& സയൻസ് ബിരുദ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ളതാണ് ഈ നാടകം.85 വർഷങ്ങൾക്കു മുൻപ് രചിക്കപ്പെട്ടതാണെങ്കിലും കൊറോണക്കാലത്ത് ഈ നാടകം ഏറെ ചിന്തകൾക്ക്  വക നൽകുന്നുണ്ട്. പ്രപഞ്ചം നമ്മുടേത്  മാത്രമല്ലെന്നും മനുഷ്യൻ   പാരസ്പര്യത്തിലെ  ഒരു കണ്ണി മാത്രമാണെന്നും പ്രപഞ്ചത്തെക്കുറിച്ചു നമ്മൾ ഇന്നോളം കണ്ടെത്തിയ അറിവുകൾ ഇനി അറിയാനുള്ളതിനോട് തുലനം ചെയ്യുമ്പോൾ സമുദ്രത്തിലെ ഒരു തുള്ളി ജലം പോലെ നിസ്സാരമാണെന്നും തിരിച്ചറിവ് നേടേണ്ടതുണ്ട്. എല്ലാറ്റിലും ഉപരിയായി, നമുക്ക് അജ്ഞാതമായ എന്നാൽ അനുഭവത്തിലൂടെ പ്രാപ്യമാകുന്ന  പ്രപഞ്ചപ്പൊരുളിനെ നമിക്കാനുള്ള വിനയം ഉണ്ടാവട്ടെ. അവിടുത്തെ അംഗീകരിക്കാൻ മനസ്സിന് വലിപ്പമില്ലെങ്കിൽ സാരമില്ല, നിന്ദിക്കാതിരിക്കാനെങ്കിലും മനസ്സുണ്ടാകട്ടെ.

Courtesy: ഫാ. സാബു തോമസ്
SH കോളേജ്, തേവര

Poll Booth
Which Career Path after +2 ?






Online Test