കൊച്ചി: കേരളത്തിൽ ജൂൺ മാസത്തിൽ വാഹന റീട്ടെയിൽ വിൽപ്പനയിൽ 35.53 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) അറിയിച്ചു. 2025 ജൂണിലെ 66,518 വാഹനങ്ങളിൽ നിന്ന് 2026 ജൂണിൽ 90,151 വാഹനങ്ങളായി വിൽപ്പന ഉയർന്നു.
ഇരുചക്ര വാഹന വിൽപ്പന 40.48 ശതമാനം വർധിച്ച് 59,767 യൂണിറ്റിലെത്തി. പാസഞ്ചർ വാഹന വിഭാഗത്തിൽ 20.53 ശതമാനം വളർച്ചയോടെ 22,489 വാഹനങ്ങളും വിറ്റു. ത്രിചക്ര വാഹന വിൽപ്പന 70.65 ശതമാനം ഉയർന്ന് 4,046 യൂണിറ്റായപ്പോൾ വാണിജ്യ വാഹന വിൽപ്പന 31.74 ശതമാനം വർധിച്ച് 3,686 യൂണിറ്റിലെത്തി.
ഉപഭോക്തൃ വിശ്വാസം വർധിച്ചതും വിപണിയിലെ അനുകൂല സാഹചര്യങ്ങളുമാണ് മികച്ച വളർച്ചയ്ക്ക് കാരണമായതെന്ന് ഫാഡ കേരള സ്റ്റേറ്റ് ചെയർപേഴ്സൺ മനോജ് കുറുപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിരതയും അനുകൂല നയപരമായ പിന്തുണയും വരും മാസങ്ങളിലും വിപണിക്ക് കരുത്തേകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു