Get Back Issues:

ചോദ്യപ്പേപ്പർ മാറി നൽകി; പിഎസ്‌സി പരീക്ഷ റദ്ദാക്കി : ഉദ്യോഗാർത്ഥികൾ ദുരിതത്തിൽ

തിരുവനന്തപുരം∙ :ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് പത്താം ക്ലാസ് തല പ്രിലിംസ് പരീക്ഷയുടെ രണ്ടാം ഘട്ടം സംസ്ഥാനവ്യാപകമായി റദ്ദാക്കി. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയാണ് അധികൃതരുടെ ഗുരുതര വീഴ്ചയെ തുടർന്ന് മാറ്റിവെച്ചത്.

വിവിധ കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കെടിഡിസി സ്റ്റോർ മാൻ, ബവ്‌റിജസ് കോർപറേഷൻ എൽഡി ക്ലാർക്ക് എന്നീ തസ്തികകളിലേക്കുള്ള ടെൻത് ലെവൽ കോമൺ പ്രിലിംസിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. എന്നാൽ ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷം നൽകേണ്ട ചോദ്യക്കടലാസ് രാവിലെ നടന്ന ഒന്നാം ഘട്ട പരീക്ഷയ്ക്ക് മാറി നൽകുകയായിരുന്നു.

രാവിലത്തെ പരീക്ഷ കഴിഞ്ഞ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഈ ഗുരുതര സുരക്ഷാ വീഴ്ച തിരിച്ചറിഞ്ഞത്. ഒന്നാം ഘട്ട ചോദ്യപ്പേപ്പറിന് പകരം രണ്ടാം ഘട്ട പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നതിന് സമാനമായ സാഹചര്യമുണ്ടായതോടെയാണ് സംസ്ഥാനത്തുടനീളം ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കാൻ പിഎസ്‌സി നിർബന്ധിതരായത്.ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം രാവലെ നടന്ന പരീക്ഷ പൂര്‍ണമായി റദ്ദാക്കില്ല. ചോദ്യക്കടലാസ് മാറി നല്‍കിയ പരീക്ഷാ കേന്ദ്രത്തിലെ
ഉദ്യോഗാര്‍ഥികള്‍ക്കായി മറ്റൊരു ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചു വീണ്ടും പരീക്ഷ നടത്തും.