By
ABK Editor On Sunday|12-Apr-2020 തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തി പദ്ധതികള്‍ വിജയമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനായത് സംസ്ഥാനത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. രോഗവ്യാപനം ഇല്ലെങ്കിലും ജാഗ്രത തുടരണം. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയി. പക്ഷെ നമുക്ക് വിശ്രമിക്കാറായിട്ടില്ല, കോവിഡിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ല, കേരളസര്‍ക്കാര്‍ അങ്ങനെ കരുതുന്നുമില്ല.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ആരോഗ്യമേഖലയില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിലൂന്നിയാണ് കേരളത്തിലെ ആരോഗ്യസംവിധാനം പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇതുപോലൊരു സാഹചര്യത്തെ നേരിടാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിപ വൈറസ് തന്ന പാഠങ്ങളും നമുക്ക് മുന്‍പിലുണ്ട്. ഇതൊക്കെ ഏകോപിപ്പിച്ചുകൊണ്ടാണ് കോവിഡ് പ്രതിരോധത്തിനുള്ള പ്രോട്ടോക്കോളും സര്‍ക്കാര്‍ രൂപീകരിച്ചത്.
ചൈനയില്‍ വൈറസ് വ്യാപിക്കുന്നുവെന്ന് അറിഞ്ഞതുമുതല്‍ കേരളത്തിലും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ജനുവരി 24ന് കേരളത്തില്‍ ആദ്യത്തെ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോള്‍ സെന്റര്‍ ആരംഭിച്ചു. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശങ്ങള്‍ കൊടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിയില്‍ കേരളത്തിലെ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിക്കുന്നത്.
തുടര്‍ന്നങ്ങോട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നുപ്രവര്‍ത്തിക്കുകയായിരുന്നു. എല്ലാ വകുപ്പുകളും ആരോഗ്യപ്രവര്‍ത്തകരും പോലീസും ജനങ്ങളും തുടങ്ങി എല്ലാവരും ചേര്‍ന്നുപ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് നമുക്ക് കുറയ്ക്കാന്‍ സാധിച്ചത്.