By
ABK Editor On Thursday|19-Mar-2020 തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ജനങ്ങളിലേക്കു പണം എത്തിച്ചു വിപണിയുടെ വീഴ്ച പരിഹരിക്കാനാണു ശ്രമം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ കൊടുക്കാനുള്ള കുടിശിക ഏപ്രിലിൽ കൈമാറും. ഇതിന് 14,000 കോടി രൂപ വേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍ - കുടുംബശ്രീ വഴി 2 മാസങ്ങളിലായി 2,000 കോടി രൂപയുടെ വായ്പ
- തൊഴിലുറപ്പു പദ്ധതികൾ നടപ്പാക്കുന്നതിന് ഏപ്രിൽ, മേയ് മാസങ്ങളിൽ 1000 കോടി രൂപ വീതം
- ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്ഷന് കൂടി ഈ മാസം നല്‍കും.
- സാമൂഹിക സുരക്ഷ പെന്ഷന് വാങ്ങാത്ത ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതംനല്‍കും. 100 കോടി ഇതിനായി വിനിയോഗിക്കും.
- എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം. ബിപിഎൽ, അന്ത്യോദയ വിഭാഗങ്ങൾക്കു പുറമേ ഉള്ളവർക്ക് 10 കിലോ അരിയാണു നൽകുന്നത്. ഇതിനായി 100 കോടി രൂപ.
- 20 രൂപയ്ക്കു ഭക്ഷണം ലഭ്യമാക്കാൻ 1000 ഭക്ഷണശാലകൾ അടുത്ത മാസം ആരംഭിക്കും. ഇതിന് 50 കോടി രൂപ.
- ഹെല്‍ത്ത് പാക്കേജുകള്‍ക്കായി 500 കോടി രൂപ വിലയിരുത്തും.
- 14000 കോടി രൂപ കുടിശ്ശികകള്‍ കൊടുത്തുതീര്‍ക്കാനായി ചെലവഴിക്കും.
- ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് ചാർജിൽ ഇളവു നൽകും. ബസുകളിൽ സ്റ്റേജ് കാരിയറിനും കോൺട്രാക്ട് കാരിയറിനും 3 മാസം നൽകേണ്ട നികുതിയിൽ ഇളവ്. സ്റ്റേജ് കാരിയറുകൾക്ക് ഏപ്രിലിലെ നികുതിയിലാണ് ഇളവ്.
- വെള്ളം – വൈദ്യുതി ബിൽ: 30 ദിവസത്തെ സാവകാശം