Get Back Issues:
സംരംഭകരുടെ കയ്യിൽ പണം കായ്ക്കുന്ന മരം ഇല്ല സാർ!
By admin On Tuesday|7-Apr-2020

ഒരു നാടിന്റെ സമ്പത് വ്യവസ്ഥയെ പടുത്തുയർത്തുന്നത് ആ നാട്ടിലെ സംരംഭകരാണ്. നമ്മുടെ നാട്ടിൽ കൂടുതൽ നികുതിയടയ്ക്കുന്നതും, തൊഴിൽ കൊടുക്കുന്നതും സർക്കാരോ, വൻകിട കോർപറേറ്റുകളോ അല്ല, ചെറുതും, ഇടത്തരം സംരംഭകരാണ്. ഈ നാടിന് എന്ത് ആപത്തു വന്നാലും ഇവരേയുള്ളു പണം മുടക്കാൻ എന്നോർക്കണം. വലിയവരുടെ കോടികളുടെ സംഭാവനകൾ ആടി പാടുമ്പോൾ ഇവരുടെ ത്യാഗങ്ങളും ചരിത്ര താളുകളിൽ എഴുതപ്പെടണം!

# പേമാരിയും, വെള്ളപ്പൊക്കവും വന്നാൽ ഇവർ പണം കൊടുക്കണം.

# സുനാമിയും, ചുഴലിക്കാറ്റടിച്ചാലും നാടിനുണ്ടാവുന്ന നഷ്ടങ്ങൾ നികത്താൻ ഇവരുടെ സംഭാവന വേണം.

# തിരഞ്ഞെടുപ്പ് വന്നാലും, രാഷ്ട്രീയക്കാരുടെ സമ്മേളനം നടത്താനും ഇവർ തന്നെ പണം കൊടുക്കണം.

# നാടിന് എന്ത് പ്രശ്നം വന്നാലും, അതിപ്പോ കൊറോണ വൈറസ് ആണെങ്കിലും രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രിയും, സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രിയും ഇവരോട് സഹായം അഭ്യർത്ഥിക്കും.

# പ്രളയ സെസ്സും ഇനി വരാനിരിക്കുന്ന കൊറോണ സെസ്സും കെട്ടേണ്ടവർ ഇവർ തന്നെ!

# ഇവർ അധ്വാനിച്ചുണ്ടാക്കുന്ന ലാഭത്തിന്റെ മൂന്നിലൊന്നു നികുതിയിനത്തിൽ സർക്കാരിന് അവകാശപ്പെട്ടതാണ്.

# പല നികുതികളും, ഇവർ മുൻകൂറായി വാങ്ങി സർക്കാരിലേക്ക് കെട്ടിക്കോളണം, ഇല്ലെങ്കിൽ പിഴ ഇവർ ടയ്ക്കണം.

# എണ്ണിയാൽ തീരാത്ത നികുതികൾ! വൈകിയാൽ, ഫൈൻ, പെനാൽറ്റി, പ്രോസിക്യൂഷൻ.

# ബില്ലിൽ നമ്പർ തെറ്റിയാൽ, ഒരു ഫോം മാറിപോയാൽ, കണക്ക് ബോധിപ്പിക്കാൻ വൈകിയാൽ, സമയത്തു റിട്ടേൺസ് ഫയൽ ചെയ്യാൻ മറന്നാൽ, ഉദ്യോഗസ്ഥർക്ക് പന്ത് തട്ടുന്ന പോലെ ഇവരെ തട്ടാം! തന്റെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയാത്ത വലിയ ഒരു പിഴയിട്ടു ജീവിത കാലം മുഴുവൻ ഇവരെ പീഡിപ്പിക്കാം.

# കഷ്ടപ്പെട്ട് ഒരു ഉത്പന്നം ഉണ്ടാക്കിയോ, വാങ്ങി വിറ്റോ, ഒരു സേവനം നൽകിയോ മാന്യമായി ജീവിക്കാൻ നോക്കുന്ന ഇവർക്ക് എന്നും ഭീഷണിയാണ് ചുരുക്കം ചില അട്ടിമറിക്കാരും, ചില പാർട്ടി പ്രവർത്തകരും, കുത്തി തിരിപ്പു ജീവിത മാർഗമാക്കിയിരിക്കുന്ന ചില നാട്ടുകാരും.

# എടുത്ത ലോൺ തിരിച്ചടക്കാൻ വൈകിയാൽ ചെണ്ട കൊട്ടി നാട്ടുകാരെ അറിയിച്ചു സിബിൽ റേറ്റിംഗ് നശിപ്പിച്ചു സമൂഹത്തിൽ ഇറങ്ങി നടക്കാനാവാത്ത വിധം ചിത്രവധം ചെയ്യുന്ന ബാങ്കുകൾ. (വലിയ തട്ടിപ്പു നടത്തി നാട് വിടുന്ന മഹാൻമാർ ഇവർക്കിന്നും സുഹൃത്തുക്കളാണ്).

# എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന്, "ഞാൻ സർക്കാർ ജീവനക്കാരനാണ്, ബാങ്ക് മാനേജർ ആണ്, സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്" എന്നഭിമാനത്തോടെ ചിലർ പറയുമ്പോൾ, ഇവർ പതിഞ്ഞ സ്വരത്തിൽ എളിമയോടെ പറയും, ഞാൻ ഒരു ചെറിയ സംരംഭം നടത്തുന്നു. പുച്ഛത്തോടെ ചിലർ ചോദിക്കും, "ഓഹോ എന്ത് സംരംഭം?"

# ഇവർക്ക് സമൂഹം നൽകുന്ന ചില വിളി പേരുകളുമുണ്ട്, കുത്തക ബൂർഷ്വ, കള്ള പണക്കാരൻ, ചൂഷണം ചെയ്തു ജീവിക്കുന്നവൻ. ചില സർക്കാർ ഉദ്യോഗസ്ഥർ ഇവരെ കാണുന്നത് കൊള്ളക്കാരെ പോലെയാണ്.

ആരാണിവർ? ഭാര്യയുടെ കെട്ടുതാലി വരെ പണയം വച്ച്, തുടങ്ങി പോയ സംരംഭം നിർത്താനാവാതെ, എല്ലാ മാസവും ഒന്നാം തിയതി ജീവനക്കാർക്കെങ്ങിനെ ശമ്പളം കൊടുക്കും എന്ന് നെഞ്ചിടിപ്പോടെ ഭയന്നിരിക്കുന്നവർ. എത്ര നഷ്ടം വന്നാലും തുടങ്ങിയ സംരംഭം നിർത്താനാവാതെ വീണ്ടും ബാങ്കിൽ നിന്നും, പുറത്തു നിന്നും കൊള്ള പലിശയ്ക്കും കടമെടുത്തു സംരംഭം ഉന്തി തള്ളി മുന്നോട്ടു കൊണ്ടുപോകുന്നവർ. കച്ചവടമില്ലാതെ ഇന്ന് ഒരു രൂപ പോലും വരുമാനമില്ലാത്ത ഇവരോട് സഹതാപം കാണിക്കാൻ ആരുമില്ല എന്നതാണ് സത്യം.

ജീവനക്കാരെ പിരിച്ചു വിടരുത്, അവരുടെ വേതനം കുറയ്ക്കരുത്, നികുതി അടയ്ക്കണം, വൈകിയാൽ പിഴ കുറച്ചു മതി എന്നൊക്കെ പറയുമ്പോൾ ഇവരുടെ നെഞ്ചിടിപ്പ് ആര് കേൾക്കാൻ? ഒരു രൂപ പോലും വരുമാനമില്ലാതെ ഇരിക്കുമ്പോഴും ഇവർ ശമ്പളം കൊടുക്കണം, വാടക കൊടുക്കണം, ഇലെക്ട്രിസിറ്റി, ടെലിഫോൺ ബില്ലടയ്ക്കണം. വിറ്റു പോകാത്ത ഉത്പന്നത്തിനും, അസംസ്കൃത വസ്തുക്കൾ സപ്ലൈ ചെയ്തവരുടെ പണവും കൊടുക്കണം. മറു ഭാഗത്തു കൊടുത്ത ഉത്പന്നങ്ങളും, സേവനകൾക്കുമുള്ള പണം എന്ന് ലഭിക്കുമെന്നുറപ്പില്ല.

ഇവരുടെ പേരാണ് സംരംഭകർ. മാരാരുടെ ചെണ്ട പോലെ എന്നും അടി വാങ്ങാൻ വിധിക്കപ്പെട്ടവർ! ഇന്ന് തൊഴിലില്ലാതെ ഒരു ജനത മുഴുവൻ വീട്ടിലിരിക്കുമ്പോൾ നമ്മൾ തിരിച്ചറിയണം ഇവരുടെ വില. ന്യൂനപക്ഷമായ ഇവരുടെ വിലാപങ്ങൾ നമ്മൾ ചെവിയോർക്കണം, ഇവരുടെ വേദന നമ്മൾ മനസ്സിലാക്കണം.

തൊഴിലും, നികുതിയും കൊടുത്തുകൊണ്ട് ഒരു നാടിന്റെ നെടുംതൂണായ ഇവർക്ക് കൈത്താങ്ങാവേണ്ടത് ഭരണകൂടങ്ങളും, ഉദ്യോഗസ്ഥരും, ബാങ്കുകളും, സമൂഹവുമാണ്.

ഈ കൊറോണ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കി ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ തയ്യാറാവണം സർക്കാരുകൾ. കടം വാങ്ങി നികുതി അടപ്പിക്കൽ ഒരു പരിഷ്കൃത ജനാതിപത്യ രീതിക്കു ചേർന്നതല്ല. ഇവരുടെ ചിലവുകൾ കുറയ്ക്കാനും, നികുതിയിളവുകളും, ബിസിനെസ്സ് പെട്ടെന്ന് ഉത്തേജിപ്പിക്കാനുമൊക്കെയുള്ള പാക്കേജുകൾ ഉണ്ടാവേണ്ടിയിരിക്കുന്നു. വൻകിട കോർപറേറ്റുകൾക്ക് ബാലൻസ് ഷീറ്റിൽ ലാഭം കുറയാതിരിക്കാനുള്ള പാക്കേജുകളോടൊപ്പം ഈ ചെറുകിടക്കാരുടെ അന്നം മുട്ടാതിരിക്കാനുള്ള വഴിയും കണ്ടെത്തണം. ഓർക്കണം ഇവരുടെ കയ്യിൽ പണം കായ്ക്കുന്ന മരം ഇല്ല സാർ!

നോട്ടു നിരോധനം, പ്രളയം, നിപ്പ, ജി എസ് ടി, സാമ്പത്തിക മാന്ദ്യം, ഇപ്പൊ ദാ കൊറോണ... തിരിച്ചടികളേറ്റുവാങ്ങാൻ സംരംഭകന്റെ ജീവിതം ഇനിയും ബാക്കി. കുറഞ്ഞ പക്ഷം ഈ കൊറോണ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇവരെ വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്. ഈ നാടിൻറെ നട്ടെല്ലായ ഈ സംരംഭകർ വിജയിച്ചാലേ പുതിയ തലമുറ ഇതിലേക്ക് വരൂ, പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവൂ, കൂടുതൽ നികുതി അടയ്ക്കാനാവൂ, രാജ്യ പുരോഗതി ഉണ്ടാവൂ. പടുത്തുയർത്തനം നമുക്കൊരു പുതിയ സംരംഭക സംസ്കാരത്തെ! പ്രതീക്ഷയോടെ...

എന്നും സംരംഭകരുടെ കൂടെ
ഷമീം റഫീഖ്

©️ Shamim Rafeek | Corporate Trainer | Business Coach