By
ABK Editor On Monday|9-Mar-2020 കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച 2060 പക്ഷികളെ 25 റാപ്പിഡ് റെസ്പോൺസ് ടീമുകൾ കൊന്നു സംസ്കരിച്ചു. ഞായറാഴ്ച 1700 പക്ഷികളെയാണ് കൊന്നത്. രണ്ടു ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 3760 പക്ഷികളെയാണ് കൊന്നൊടുക്കിയത്.
നിലവില്‍ 25 ദ്രുതകര്‍മ സേനകളാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നല്‍കുന്നത്. രോഗബാധിത മേഖലകളിലെ 7,000 പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണു കണക്കാക്കുന്നതെന്നു കലക്ടർ സാംബശിവറാവു പറഞ്ഞു. നിലവിലെ സ്ഥിതിയിൽ ഒരാഴ്ചയ്ക്കകം കൊന്നൊടുക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നാണു കരുതുന്നത്.
രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ പരിധിയിലുള്ള കോഴിക്കടകളെല്ലാം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴികളുമായി വരുന്ന വാഹനങ്ങൾ പക്ഷിപ്പനി ബാധിച്ച ഭാഗങ്ങളിലേക്ക് പോകരുത്. കഴിഞ്ഞദിവസം മാവൂരിൽ ചത്ത പക്ഷികളുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിച്ചിട്ടില്ല.