Get Back Issues:
ഇടുക്കിയിൽ വീണ്ടും ഭൂചലനം
By ABK Editor On Friday|13-Mar-2020
ഇടുക്കി:  ഇടുക്കിയെ ആശങ്കയിലാഴ്ത്തി ഇന്നലെ വീണ്ടും ഭൂചലനം. രാവിലെ 7.05 നും ഉച്ചയ്ക്ക് 1.58 നും ഇടയിൽ 6 ചലനങ്ങളും രാത്രി 10.15നുമാണ് ഉണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, കുമളി, രാജാക്കാട്, രാജകുമാരി, വാഗമൺ മേഖലകളിലാണു ചലനം ഉണ്ടായത്. നെടുങ്കണ്ടം മേഖലയിൽ വീടുകളുടെ ചുമരുകൾക്കു നേരിയ വിള്ളലുണ്ടായി.

രാവിലെ 9.46 ന് റിക്ടർ സ്കെയിലിൽ 2.8 രേഖപ്പെടുത്തിയ ചലനമാണ് ഏറ്റവും തീവ്രതയേറിയത്. ഇത് 70 സെക്കൻഡ് നേരം നീണ്ടു നിന്നു. കട്ടപ്പന – നെടുങ്കണ്ടം – കമ്പം ഭ്രംശ മേഖലയിൽ നെടുങ്കണ്ടത്തിനു സമീപമാണ് പ്രഭവ കേന്ദ്രം. ഇത് ഇടുക്കി അണക്കെട്ടിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെ ആണെന്ന് വൈദ്യുതി വകുപ്പ് അണക്കെട്ട് സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അലോഷി കെ.പോൾ പറഞ്ഞു.

ഭൂചലനങ്ങളിൽ ആശങ്ക വേണ്ടെന്ന് വൈദ്യുത ബോർഡ് ഗവേഷണ വിഭാഗം അറിയിച്ചു. ഭൗമ പാളികളിൽ ഉണ്ടാകുന്ന തെന്നി മാറലും പാളികൾക്ക് ഇടയിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളുടെ ക്രമീകരണവും ഒക്കെ ആകാം ചലനങ്ങൾക്കു പിന്നിലെന്ന് അധികൃതർ പറഞ്ഞു.