Get Back Issues:
പട്ടിണി കിടത്തില്ല; എല്ലാവർക്കും 1000 രൂപയുടെ പലവ്യഞ്ജന കിറ്റ്
By ABK Editor On Thursday|26-Mar-2020
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2 മാസത്തെ പെൻഷനാണു വിതരണം ചെയ്യുന്നത്. 20 രൂപയ്ക്കു ഭക്ഷണം വിതരണം ചെയ്യുന്ന 1000 ഭക്ഷണശാലകൾ ആരംഭിക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തും. ഇവിടെ നിന്ന് ഹോം ഡെലിവറിയും ഉണ്ടാകും. ഒരിടത്ത് 5 പേരിൽ കൂടുതൽ ഉണ്ടാകരുതെന്ന നിർദേശം വിവാഹച്ചടങ്ങിന് ഇളവു ചെയ്യും. എല്ലാ റേഷൻ കാർഡുടമകൾക്കും ഏപ്രിലിൽ 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചു. 87.14 ലക്ഷം കാർഡുടമകൾക്ക് ഇതിന്റെ ഗുണംകിട്ടും. നിലവിൽ എ.എ.വൈ. കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പുമാണ് സൗജന്യമായി ലഭിക്കുന്നത്. ഇതിനു മാറ്റമുണ്ടാവില്ല.

മുൻഗണനാവിഭാഗം (പിങ്ക് നിറം) കാർഡുകൾക്ക് രണ്ടുരൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം ഒരാൾക്ക് അഞ്ചുകിലോവീതം സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് (നീല, വെള്ള) കുറഞ്ഞത് 15 കിലോ സൗജന്യമായി നൽകും. ഇതോടൊപ്പം എല്ലാ കാർഡുടമകൾക്കും പലവ്യഞ്ജന കിറ്റ് നൽകാനും തീരുമാനിച്ചു. ഇതിനു വ്യാപാരികളുടെ സഹായം തേടും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 1000 രൂപയുടെ ഭക്ഷ്യവസ്തു കിറ്റ് സൗജന്യമായി നൽകാൻ രാവിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. വൈകിട്ട് അവലോകന യോഗത്തിനു ശേഷമാണ് മുൻഗണനാ ലിസ്റ്റിൽ പെടാത്തവർക്കു മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കുമെന്നും പുറമേ, എല്ലാവർക്കും പലവ്യഞ്ജന കിറ്റ് കൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.                                                                                                                          

Poll Booth
Which Career Path after +2 ?






Online Test