By
admin On Thursday|16-Sep-2021 ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന മലയാള സിനിമയിലെ ഒരു ഡയലോഗ് ഇന്ന് യഥാർത്ഥ്യമായിരിക്കുന്നു. വൻ ശമ്പളങ്ങൾ ഓഫർ ചെയ്തിട്ടും തൊഴിലിനു പോവാൻ തയ്യാറാകാതെ മാറി നിൽക്കുകയാണ് ടെക്നിക്കൽ കോഴ്സുകൾ വരെ പാസായി നിൽക്കുന്ന ഇപ്പോഴുത്തെ യുവതലമുറ.വിവിധ സാങ്കേതിക കലാലയങ്ങളിലായി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ഫീച്ചർ.
അഞ്ചു കൊല്ലത്തെ സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിൽ മേഖലയിലേയ്ക്ക് വരുന്ന യുവതീയുവാക്കളുടെ എണ്ണം പത്ത് കൊല്ലങ്ങൾക്ക് മുമ്പ് വരെ വളരെ കൂടുതലായിരുന്നു. ഒരു മികച്ച തൊഴിൽ ലഭിക്കുകയായിരുന്നു അന്നത്തെ ഒരു ശരാശരി യുവതയുടെ സ്വപ്നം. എഴുത്തുപരീക്ഷയും കൂടി കാഴ്ച എന്ന കടമ്പയും കടന്ന് ഒരു തൊഴിലിൽ എത്തിപ്പെടുക വളരെ കഠിനാധ്വാനികൾക്കും മിടുക്കർക്കും മാത്രം കഴിയുന്ന ഒന്നായിരുന്നു.എന്നാൽ 2020 നു ശേഷം കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് മുന്നിൽ തെളിയുന്നത്.
എന്താണ് തൊഴിലിനോടുള്ള പുതിയ തലമുറയുടെ മനോഭാവം?
കോളേജ് പഠനത്തിൻ്റെ അവസാന വർഷങ്ങളിൽ തന്നെ പ്ലയ്സ്മെൻ്റുകൾ നടക്കാറുണ്ട്.ഇൻഫോസിസ്, റ്റി.സി.എസ്, വിപ്രോ, ആക്സ്ഞ്ചർ, സി.റ്റി.എസ്, വെർചൂസാ തുടങ്ങിയ നിരവധി ബഹുരാഷ്ട്രാ കമ്പിനികളാണ് ഉദ്യോഗാർത്ഥികളെ കാമ്പസിൽ എത്തി തിരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികളെ ഇക്കാര്യത്തിൽസഹായിയ്ക്കാൻ കോളേജിലെ തന്നെ ഉത്തരവാദിത്വപ്പെട്ട ഒരു സീനിയർ അദ്ധ്യാപകൻ പ്ലയ്സ്മെൻ്റ് ഓഫീസറായിട്ട് വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ടാകും. ഈ പ്ലയ്സ്മെൻ്റ് ഓഫീസറാണ് തൊഴിൽ ദാതാക്കളായ വിവിധ കമ്പിനി പ്രതിനിധികളെ കോളേജിലേയ്ക്ക് സ്വാഗതം ചെയ്യുന്നത്.ഇവർ വിദ്യാർത്ഥികളെ അവരുടെ പഠന മികവിൻ്റെ അടിസ്ഥാനത്തിൽ കണ്ടെത്തുകയും തിരഞ്ഞെടുക്കുകയും ചെയ്യും. കോവിഡ് കാലമായതിനാൽ ഇപ്പോൾ ഇത്തരം കൂടി കാഴ്ചകളും തിരഞ്ഞെടുപ്പുകളും ഓൺലൈനായിട്ടാണ് നടക്കുന്നത്. ഇന്നിപ്പോൾ കാണുന്ന കൗതുകകരമായ കാഴ്ച കമ്പിനികളിലേയ്ക്കുള്ള ഒഴിവുകളുടെ എണ്ണം വളരെ കൂടുതലാവുകയും എന്നാൽ അപേക്ഷകരുടെ എണ്ണം നേർ പകുതിയാവുകയും ചെയ്യുന്നതാണ്. 25000-30000 വരെ ശമ്പള വാഗ്ദാനം നൽകിയിട്ടും വിദ്യാർത്ഥികൾ തൊഴിലിനു പോകാൻ താത്പര്യപ്പെടുന്നില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടി കാണിയ്ക്കുന്നു. അഥവാ ജോലിയ്ക്ക് ചേർന്നാലും നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് രാജിവെച്ചിട്ട് തിരികെ വീട്ടിലെത്തുന്നതും പതിവ് കാഴ്ചയാവുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ന്യൂക്ലിയർ കുടുംബങ്ങളിൽ നിന്ന് വളർന്നു വന്ന പുതു തലമുറ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം കേട്ടിട്ടുണ്ടാവില്ല. തൊഴിൽ മഹാത്മ്യവും എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഒരു ബൈക്കും ഒരു മൊബൈലും അത്യാവിശ്യം ഡേറ്റയും ഉണ്ടെങ്കിൽ ജീവിതം പൂർണ്ണമാണെന്ന് കരുതുന്ന ഒരു യുവതലമുറ ഭാവിയെ കുറിച്ച് ആകുലരാകുന്നില്ല. മിക്കവാറും കുടുംബങ്ങളിൽ ഒന്നോ രണ്ടോ കുട്ടികളാകും ഉണ്ടാവുക.മാതാപിതാക്കൾ ജോലി ചെയ്തു കൊണ്ടുവരുന്ന വരുമാനം ഇന്നത്തെ കേരളാന്തരീക്ഷത്തിൽ ജീവിയ്ക്കാൻ പര്യാപ്തവും മിച്ചവുമാണ്. അതു കൊണ്ടു തന്നെ ഒരു ശരാശരി ചോദ്യം കുടുംബങ്ങളിൽ നിന്നുയരും. ഇനി മകൻ ജോലിയ്ക്ക് പോയി കഷ്ടപ്പെട്ടുകൊണ്ടു വന്നിട്ടു വേണമോ നമുക്ക് ജീവിയ്ക്കാൻ? ഇതും തൊഴിലെടുക്കുന്നതിൽ നിന്ന് യുവതലമുറയെ പിന്നോട്ടടിപ്പിക്കുന്നു. ഒപ്പം മലയാളിയുടെ സഹജമായ അലസവാസനയും കൂടിച്ചേരുമ്പോൾ ജോലിക്ക് പോകാതിരിയ്ക്കാനുള്ള കാരണമാകുന്നു.
ഇൻ്റസ്ട്രിയൽ റെഡിനസ് രൂപപ്പെടുത്തുന്നതിന് ആവിശ്യമായ സ്കിൽ ഡെവലപ്പ്മെൻ്റും സിലബസിൽ തൊഴിൽ മേഖലയെ ഉൾപ്പെടുത്താത്തതും തൊഴിൽ എടുക്കുന്നതിൽ യുവതയെ തൊഴിലെടുക്കുന്നതിൽ വിമുഖരാക്കുന്നു. കൂടി കാഴ്ചകഴിഞ്ഞ് ഒരു സ്ഥാപനത്തിൽ എത്തിച്ചേരുന്ന ഉദ്യോഗാർത്ഥി സ്ഥാപനത്തിലെ എച്ച് ആർ മനേജർ നൽകുന്ന നിർദ്ദേശങ്ങളും ലക്ഷ്യങ്ങളും പലപ്പോഴും കണ്ട് കണ്ണു തെളളി നിൽക്കാറുണ്ട്. വെറും 15000 രൂപയ്ക്കാണോ ഇത്രയും ജോലി ചെയ്യേണ്ടത് എന്ന സ്ഥിരം ചോദ്യം മനസ്സിൽ രൂപപ്പെടും. അടുത്ത സുഹൃത്തുക്കളുമായി സംസാരിക്കുന്നതോടെ കളഞ്ഞിട്ട് പോ അളിയാ എന്ന കമൻ്റും വരുന്നതോടെ ശരാശരി യുവാവ് ജോലി രാജിവെയ്ക്കും. എന്നിട്ട് അടുത്ത തൊഴിലിനായി അന്വേഷിയ്ക്കും.എന്നാൽ ഇന്ന് 15000 രൂപയ്ക്ക് തുടങ്ങുന്ന തൊഴിൽ വരുമാനം ഒരു വർഷം കഴിയുമ്പോൾ ഒരു ലക്ഷം ആയി മാറുമെന്ന് പറഞ്ഞു കൊടുക്കാൻ ആരുമില്ലാതായിരിയ്ക്കുന്നു .ഇതിൻ്റെ ദുരന്തഫലങ്ങൾ എന്താണ്?
കേരളത്തിലെ കാമ്പസ് സെലക്ഷൻ കറവയില്ലാത്ത പശുവാണെന്ന ചിന്ത തൊഴിൽ ദാതാക്കളായ വൻകിട കമ്പിനികൾക്ക് ഉണ്ടാകും. തൊഴിൽ ഏറ്റെടുക്കാനുള്ള താത്പര്യക്കുറവും, ചേർന്ന ജോലിയിൽ നിന്നുള്ള രാജിയും ഇത്തരം കമ്പിനികളെ പുനർവിചിന്തിനത്തിനു കാരണമാക്കും. കാലും കൈയ്യും പിടിച്ച് കമ്പിനികളെ കാമ്പസുകളിൽ എത്തിയ്ക്കുന്ന പ്ലയ്സ്മെൻറ് ഓഫീസർമാർ വിദ്യാർത്ഥികളുടെ നെഗറ്റീവ് മനോഭാവം കണ്ട് നിസംഗരാകും. ക്രമേണ വൻകിട കമ്പനികൾ കേരളത്തിലെ കാമ്പസുകളെ തൊഴിൽ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റും. അത് ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത് തുടർന്നു വരുന്ന തലമുറയെയാണ്. തൊഴിലിനു വേണ്ടി അന്വേഷണം നടത്തുന്ന ഒരു വരും തലമുറയുടെ ഭാവി ജീവിതങ്ങൾക്ക് മുകളിൽ കത്തിവെയ്ക്കുകയാണ് ഇപ്പോഴുത്തെ തലമുറ.മാത്രവുമല്ല മൈസൂരിലേയും മംഗലാപുരത്തേയും സേലത്തേയും ഒക്കെ ഉൾഗ്രാമങ്ങളിൽ നിന്ന് ബിടെക്ക് പാസായി ഒരു തലമുറ പുറത്തു വരുന്നു.അവർ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടുമൊക്കെ 12000-15000 രൂപ മാസ ശമ്പളത്തിൽ തൊഴിൽ എടുക്കാൻ തയ്യാറാകുന്നു. കമ്പിനികൾ അങ്ങോട്ടേയ്ക്ക് ചുവടുമാറ്റി തുടങ്ങുന്നു.
കിട്ടിയ തൊഴിൽ കളഞ്ഞിട്ട് മറ്റ് തൊഴിൽ അന്വേഷിയ്ക്കുന്നയാൾ താൻ ഔട്ട് ഡേറ്റഡ് ആയി മാറി കൊണ്ടിരിക്കുന്നു എന്ന യഥാർത്ഥ്യം തിരിച്ചറിയുന്നില്ല. മിടുക്കനായ ഒരു ജൂനിയർ താനിരുന്ന കസേരയിൽ ഇരിയ്ക്കുന്നുണ്ടെന്ന സത്യം അയാൾ കാണാതെ പോകുന്നു.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി തൊഴിൽ സാങ്കേതിക വിദ്യാഭ്യാസം നേടിയ പതിനായിരത്തിലധികം യുവാക്കൾ ചലച്ചിത്ര മോഹവുമായി തമ്പടിച്ചിരിക്കുന്നുവെന്ന് അന്വേഷണങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയും. ആഹാരത്തിനും താമസസ്ഥലത്തിനും ഒക്കെ ബുദ്ധിമുട്ടി പിടിച്ചു നിൽക്കുന്നത് സിനിമ സ്വപ്നം കണ്ടാണ്.പലപ്പോഴും കിട്ടിയ നല്ലൊരു തൊഴിൽ കളഞ്ഞിട്ടാണ് ഇവർ വർഷങ്ങൾ കളഞ്ഞ് ഇങ്ങനെ കഷ്ടപ്പെടുന്നത്. എന്നെങ്കിലുമൊരിയ്ക്കൽ തൻ്റെ സമയം വരുമെന്നും അതിനായി ലോകം മുഴുവൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണെന്നുമുള്ള ആൽക്കെമിസ്റ്റ് നോവൽ വാചകവും ഹൃദ്യസ്ഥമാക്കി തൊഴിൽ വർഷങ്ങൾ പാഴാക്കി കളയുന്നവരുടെ എണ്ണം കൂടുകയാണ്. സിനിമയിൽ വിരലിൽ എണ്ണുന്നവർക്ക് മാത്രം അവസരം കിട്ടുമ്പോൾ ബാക്കി തൊഴിലില്ലാതെ സമൂഹത്തിന് ബാധ്യതയാകുന്ന കാഴ്ചയ്ക്കും വരും കാലം സാക്ഷിയാകും.എന്താണ് പരിഹാരം?
അലസ മനോഭാവങ്ങളിൽ നിന്ന് കുട്ടികളെ വെളിയിൽ കൊണ്ടുവരുന്നതിന്. മാതാപിതാക്കൻമാർക്ക് വ്യക്തമായ റോൾ ഉണ്ട്.ഒരു വർഷം തൊഴിൽ ചെയ്യാതിരുന്നാൽ വിലയേറിയ ഒരു വർഷം നഷ്ടപ്പെടുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ക്രമാനുഗതമാണ് വളർച്ചയെന്നും ഒറ്റയടിയ്ക്ക് സമ്പന്നനാകാൻ ശ്രമിയ്ക്കുന്നത് മൗഡ്യമാണെന്നും പറഞ്ഞ് പഠിപ്പിയ്ക്കണം.ഇൻടസ്ട്രിയൽ റെഡിനസിന് ആവിശ്യമാകുന്ന രീതിയിൽ സിലബസും പഠന പ്രക്രിയകളും പുനരാവിഷ്ക്കരിക്കണം. എല്ലാറ്റിനുമുപരിയായി തൊഴിലിൻ്റെ മഹത്വത്തെ കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കാൻ പൊതു സമൂഹത്തിനും ബാധ്യതയുണ്ട്.
ഈ സംഗതികളിൽ നിന്നൊക്കെ മാറി നിന്ന് നല്ല തൊഴിൽ കണ്ടെത്തി ഉന്നതങ്ങളിൽ എത്തുന്ന മിടുക്കരായ ഒരു വിഭാഗവും ഉണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
ആഗോളവത്ക്കരണത്തിൻ്റെ വർത്തമാനകാലത്ത് ഭൂരിപക്ഷവും യഥാർത്ഥ്യങ്ങളെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം ..